ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, മരങ്ങളും ചെടികളും പിടിപ്പിച്ചു
പ്രീഡിഗ്രി കഴിഞ്ഞയുടന്‍ ബിസിനസിലേക്കെത്തിയതാണ് ഈ മലപ്പുറംകാരന്‍.
കൊച്ചു കൊച്ചു ബിസിനസുകളിലൂടെ മെച്ചപ്പെട്ട നിലയിലെത്തി. തിരക്കുള്ള ബിസിനസ്സുകാരനായിരിക്കുമ്പോഴും മണ്ണിനെ സ്നേഹിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനൊരിഷ്ടം എപ്പോഴും ഉള്ളിലുണ്ടായിരുന്നു. കുറച്ചു ഭൂമി വാങ്ങി അതിലിത്തിരി പച്ചക്കറിയും കൃഷിയും കുളവും അതിലെ മുങ്ങിക്കുളിയുമൊക്കെയായി ഒരു നാടന്‍ ജീവിതം.
പി എം മുസ്തഫ. പി എ എം ഗ്രൂപ്പിന്‍റെ എംഡിയാണ്. ബിസിനസിന്‍റെ തിരക്കിനിടയിലും കൃഷിപ്പണിക്കിറങ്ങുന്ന കര്‍ഷകന്‍ പുതിയൊരു വഴിയിലൂടെ സഞ്ചരിക്കുകയാണിപ്പോള്‍.
ആറേക്കറിലൊരു വനം സൃഷ്ടിച്ചിരിക്കുകയാണ് മുസ്തഫ. ശരിക്കും കാട് തന്നെ. അരുവിയും കുളങ്ങളും പക്ഷികളും ചിത്രശലഭങ്ങളും പാമ്പുകളും അണ്ണാരക്കണ്ണന്‍മാരും ചീവീടുകളുമൊക്കെയുള്ള ഒരു കാട്.
പറയാനേറെ ബിസിനസ് വിശേഷങ്ങളുണ്ടാകും മുസ്തഫയ്ക്ക്. പക്ഷേ അതൊന്നുമല്ല ഇദ്ദേഹത്തിന്‍റെ കൊച്ചു വലിയ സന്തോഷങ്ങള്‍. പത്തുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ വാങ്ങിയ സ്ഥലത്ത് കനത്തൊരു കാടൊരുക്കുന്നതിന്‍റെ സന്തോഷമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്.
“കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്താണ് എന്‍റെ വീട്.” മുസ്തഫ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ആറേക്കറിലുള്ള ഈ കാടും കരിപ്പൂരില്‍ തന്നെയാണ്. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ ഇവിടേക്ക്.
“ഇതില്‍ രണ്ടേക്കര്‍ സ്ഥലത്ത് നേരത്തെ തന്നെ കാടായിരുന്നു. ആരും ഉപയോഗിക്കാതെ കാടും ചെടികളും പുല്ലുമൊക്കെ വളര്‍ന്ന് കിടക്കുന്ന ഒരു സ്ഥലമായിരുന്നു. ആ രണ്ട് ഏക്കര്‍ ഭൂമിയില്‍ ഒന്നും ചെയ്തില്ല. അതുപോലെ തന്നെ നിലനിറുത്തി.
“നാലേക്കറിലാണ് കാടുപിടിപ്പിച്ചത്. മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു.
“പ്ലാവും പേരയും ചാമ്പയുമൊക്കെയായി കുറേ ഫലവൃക്ഷങ്ങളുമുണ്ടിവിടെ. എന്‍റെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് ഒരു മൂന്ന് മിനിറ്റ് ദൂരമേയുള്ളൂ,” മുസ്തഫ ആ കാടുകാണാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.
കുറെക്കാലം അന്വേഷിച്ച് നടന്നതിന് ശേഷമാണ് ഇവിടേക്കെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കുറേ നടന്നിട്ടും പറ്റിയ സ്ഥലം കിട്ടിയില്ല. നല്ല സ്ഥലം കിട്ടുമ്പോള്‍ മിക്കവാറും അതു വീട്ടില്‍ നിന്നു കുറേ ദൂരേയായിരിക്കും.
“വീട്ടില്‍ നിന്നകലെയാണെങ്കില്‍ എന്‍റെ പോയ് വരവ് പ്രശ്നമാകുമല്ലോ. വീട്ടില്‍ നിന്ന് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇതുപോലെയുള്ള ഭൂമി കിട്ടുമായിരിക്കും. പക്ഷേ എനിക്ക് വീടിന് അടുത്ത് തന്നെയുള്ള സ്ഥലം വേണമായിരുന്നു,” എന്ന് മുസ്തഫ.
“പത്ത് വര്‍ഷക്കാലം അന്വേഷിച്ചിട്ടും നല്ലൊരു സ്ഥലം കണ്ടെത്താനായില്ല. ഈ സ്വപ്നം ഒരിക്കലും നടക്കില്ലെന്നു കരുതി, അതൊക്കെ മനസില്‍ നിന്നേ കളഞ്ഞു. പിന്നീടാണ് ഇങ്ങനെ ഒരു സ്ഥലം കിട്ടുന്നത്. ഇതൊരു പഴയ ക്വാറിയായിരുന്നു.
“ചെങ്കല്‍ ക്വാറിയില്ലേ… അതായിരുന്നു ഇവിടം. തരിശായി കിടക്കുകയായിരുന്നു. ചെങ്കല്‍ ഖനനം നടന്ന് ഈ മണ്ണിന്‍റെ വളക്കൂറൊക്കെ നഷ്ടപ്പെട്ടിരുന്നു. നിറയെ മരങ്ങള്‍ പിടിപ്പിച്ചും കുളമുണ്ടാക്കിയും കിളച്ചുമൊക്കെ വളക്കൂറുള്ള ഭൂമിയാക്കി മാറ്റിയെടുത്തിരിക്കുകയാണ്. നാലു വര്‍ഷം കൊണ്ടാണ് ഈ ഭൂമിയെ എന്‍റെ സ്വപ്നത്തിലെ ഏദന്‍ തോട്ടമാക്കി മാറ്റിയെടുത്തത്…” അത് പറയുമ്പോള്‍ മുസ്തഫയ്ക്ക് കോടികളുടെ ബിസിനസ് കോണ്‍ട്രാക്റ്റ് കിട്ടിയതിനേക്കാള്‍ സന്തോഷം.
ആറേക്കര്‍ ഭൂമിയില്‍ അഞ്ച് കുളങ്ങള്‍, കാട്ടരുവി, ഫലവൃക്ഷങ്ങളും കാട്ടുമരങ്ങളും ഉള്‍പ്പടെ 300-ലേറെ വൃക്ഷങ്ങള്‍, കുറേ പൂച്ചെടികള്‍, പിന്നെ ചിത്രശലഭങ്ങളും തുമ്പികളും. അധികം വൈകാതെ അത് ശരിക്കുമൊരു കൊടുംവനമായി മാറും.
“അഞ്ച് കുളങ്ങളുള്ളതില്‍ രണ്ടെണ്ണം വലുതാണ്. ഭൂമി വാങ്ങിയ ശേഷം ഉണ്ടാക്കിയ കുളങ്ങളാണ്. പക്ഷേ കണ്ടാല്‍ സ്വാഭാവികമായി ഇവിടെയുണ്ടായ കുളവും അരുവിയും കാടുമൊക്കെയാണെന്നേ തോന്നൂ. ചെറിയ നീരൊഴുക്കുണ്ടായിരുന്നു അതാണ് കുളത്തിനായി പ്രയോജനപ്പെടുത്തിയത്,” മുസ്തഫ ആവേശത്തോടെ തുടരുന്നു.
“ചെങ്കല്‍ ക്വാറിയായിരുന്നുവെങ്കിലും ഇവിടെ ജലസാന്നിധ്യമുണ്ടായിരുന്നു. ആദ്യമൊരു വലിയ കുളമുണ്ടാക്കി. അതില്‍ നിന്നു വെള്ളം നിറഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ നമുക്കാകെ ആവേശമായി. അങ്ങനെ കുളത്തിനെ ചുറ്റിപ്പറ്റി ഒരു തീം ഉണ്ടാക്കി. കുളത്തില്‍ നിന്നൊഴുകുന്ന വെള്ളം അരുവിയിലൂടെ പോകുന്ന പോലെ. അങ്ങനെയൊരു തീം.
“അല്‍പം ചരിവൊക്കെയുള്ള ഭൂമിയാണ്. വലിയ കുളത്തില്‍ നിന്നൊഴുകുന്ന വെള്ളം താഴേക്ക് ഒരു കുഞ്ഞ് അരുവി പോലെ വീഴും.
“തൊട്ടടുത്ത് എയര്‍പോര്‍ട്ട് അല്ലേ… അതിന്‍റെയൊരു ശബ്ദമൊക്കെ കാരണം പക്ഷികളൊന്നും ഇവിടേക്കൊന്നും വരാറില്ലായിരുന്നു. പക്ഷേ അരുവിയും കുളവുമൊക്കെ ഇവിടെ വന്നതോടെ കിളികള്‍ പറന്നെത്തി തുടങ്ങി.” അങ്ങനെ മുസ്തഫയുടെ കുഞ്ഞുവനത്തെ ജീവികളും ഇഷ്ടപ്പെടാന്‍ തുടങ്ങി.
“എന്നാപ്പിന്നെ കിളികള്‍ക്കൊക്കെയായി ഇനിയും കുളം ഉണ്ടാക്കിയാലോ എന്ന് തോന്നി. അങ്ങനെ അഞ്ച് കുളങ്ങളാണ് ഈ പറമ്പില്‍ കുത്തിയത്. ആദ്യത്തെ കുളത്തില്‍ നിന്ന് വെള്ളം അരുവി പോലെ താഴേക്ക് ഒഴുകും.
“അരുവി ഒഴുകുന്ന കൈവഴികളിലൊക്കെയാണെ് ചെറിയ കുളങ്ങളുള്ളത്. ആ കുളങ്ങളില്‍ കയറിയിറങ്ങി വെള്ളമങ്ങനെ ഒഴുകും. എന്നിട്ടത് താഴെയുള്ള കുളത്തിലേക്ക് വീഴും. എല്ലാത്തിലും മീനുകളുമുണ്ട്. നീര്‍ക്കോലി, തവള ഇതൊക്കെയുണ്ട്.
“ഭൂമി കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്താണ് കുളമുണ്ടാക്കിയത്. പക്ഷേ ഈ കോണ്‍ക്രീറ്റ് കാണാനാകില്ല.” മണ്ണിട്ട് മൂടിയിട്ടിരിക്കുകയാണെന്നു മുസ്തഫ.
പടവുകളൊന്നും ഇല്ല. സ്വാഭാവികമായ പാറക്കെട്ടുകള്‍ക്കിടയിലാണ് കുളങ്ങളൊക്കെയുള്ളത്. കുളത്തിനോട് ചേര്‍ന്ന് തൈകളും ചെടികളും മരങ്ങളുമൊക്കെ നട്ടിട്ടുണ്ട്. പുല്‍ച്ചെടികളും വിദേശത്ത് നിന്നു കൊണ്ടുവന്നതും കാട്ടില്‍ നിന്നുള്ളതുമൊക്കെയായി ഹൈബ്രിഡുകളും 25 തരത്തിലുള്ള ജലസസ്യങ്ങളും കുളക്കരയില്‍ പിടിപ്പിച്ചിട്ടുണ്ട്. കുളത്തില്‍ നാടന്‍ മീനുകളെയും വളര്‍ത്തുന്നുണ്ട്.
“പരല്‍ മീനൊക്കെയില്ലേ അതൊക്കെയാണ് കുളത്തിലിട്ടു വളര്‍ത്തുന്നത്. കാട്ടരുവികളും നാടന്‍ മീനുകളൊന്നും ഇപ്പോഴത്തെ കുട്ടികള്‍ കണ്ടിട്ടുണ്ടാകില്ലല്ലോ…” അവര്‍ക്ക് വേണ്ടിയാണിതൊക്കെ ഒരുക്കിയിരിക്കുന്നതെന്നു മുസ്തഫ.
“അങ്ങനെയൊരു ആവാസ വ്യവസ്ഥ തന്നെയാണ് ഈ കാട്ടിലൊരുക്കിയിരിക്കുന്നതും.” ആര്‍ക്കു വേണമെങ്കിലും വന്നു കണ്ടാസ്വദിക്കുകയും ചെയ്യാം.
“സ്വാഭാവികമായി കുളങ്ങള്‍ പോലെ ഇതു തോന്നിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയൊരു ഫീല്‍ കിട്ടുന്നതിന് മരങ്ങളും ചെടികളുമൊക്കെ കുളത്തിന് അരികില്‍ പിടിപ്പിച്ചു തുടങ്ങി.
“പഴയ അമ്പലക്കുളം, പള്ളിക്കുളം, കാവിലെ കുളമൊക്കെയില്ലേ.. അതുപോലെ കാണുന്നവര്‍ക്ക് തോന്നുന്നതിന് വേണ്ടിയാണ് മരങ്ങളും വന്‍മരങ്ങളുമൊക്കെ കുളക്കരയില്‍ വച്ചുപിടിപ്പിച്ചത്.
“ഇലഞ്ഞി, പാല പോലുള്ള നാടന്‍ മരങ്ങളാണ് ഈ പറമ്പില്‍ നട്ടത്. അതൊക്കെ വലിയ മരങ്ങളാണിപ്പോള്‍. ഇതിനൊപ്പം വലിയ മരങ്ങള്‍ വേരോടെ പിഴുതുകൊണ്ടുവന്നു നടുകയും ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നൊക്കെയാണ് വന്‍മരങ്ങള്‍ കൊണ്ടുവന്നു നട്ടത്. പിന്നെ കുറച്ചു വിദേശമരങ്ങളും നട്ടിട്ടുണ്ട്. ടവര്‍ ട്രീ എന്നൊക്കെ പറയുന്ന മരമില്ലേ അതൊക്കെയാണ്. മലേഷ്യ, തായ്ലന്‍റ് എന്നിവിടങ്ങളിലൊക്കെയുള്ള മരങ്ങളുടെ തൈകളും കുറച്ചു നട്ടിട്ടുണ്ട്.” മുസ്തഫ പറയുന്നു.
“മിയാവാക്കി എന്ന ജപ്പാന്‍ പദ്ധതിയുണ്ട്. അതാണ് ഞാനും സ്വീകരിച്ചത്,” മുസ്തഫ പറഞ്ഞു. (ചെറിയ സ്ഥലത്ത് പലതരം സസ്യങ്ങളും മരങ്ങളും ഒരുമിച്ചുവളരുന്ന ഒരു കുഞ്ഞ് കാട് നിര്‍മ്മിക്കുന്ന രീതിയാണ് മിയാവാക്കി. കേരളത്തില്‍ മിയാവാക്കി വനമുണ്ടാക്കുന്ന ഹരിയെക്കുറിച്ച് നേരത്തെ ഞങ്ങള്‍ നേരത്തെ എഴുതിയിരുന്നു. ഹരിയുടെ മിയാവാക്കി വനത്തെക്കുറിച്ച് ഇവിടെ വായിക്കാം. )
“കൂട്ടത്തിലൊരു കുളത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുറേ പൂച്ചെടികള്‍ നട്ടിട്ടുണ്ട്. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ തോട്ടമുണ്ടാക്കിയത്. ഇന്നിപ്പോ ധാരാളം പൂമ്പാറ്റകളാണ് ഇവിടെ വരുന്നത്.
“പൂമ്പാറ്റകള്‍ മാത്രമല്ല കാട്ടു പക്ഷികളും തുമ്പികളും അണ്ണാനുമൊക്കെ ഇവിടെ വരാറുണ്ട്. ഈ കാട്ടുപക്ഷികള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള പാത്രങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്,” ആ കാട്ടിലേക്ക് ജീവികളും പക്ഷികളും പൂമ്പാറ്റകളുമൊക്കെ വിരുന്നുവരുന്നത് മുസ്തഫ ശരിക്കും ആസ്വദിക്കുകയാണ്.
“ഈ കാട് കാണാനിപ്പോ കുറേയാളുകള്‍ വരുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് ഇവിടുത്തെ പ്രവേശന സമയം. പ്രവേശനത്തിന് ചെറിയൊരു ഫീസ് ഈടാക്കുന്നുണ്ട്. ഇവിടെ വരുന്നവര്‍ക്ക് കുളത്തില്‍ കുളിക്കാനും പച്ചക്കറി ഫാം കാണാനുമൊക്കെയുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. “അവര്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ പറിച്ചെ-ടുക്കാം.
“ഇനീപ്പോ ഫ്രൂട്ട്സ് വേണ്ടവര്‍ക്ക് അതും ആവശ്യത്തിലേറെയുണ്ട്. 200-ലേറെ ഫലവൃക്ഷങ്ങള്‍ ഇവിടെ തന്നെ നട്ടിട്ടുണ്ട്. 25 വെറൈറ്റി നാടന്‍ പ്ലാവ്, റംമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, 15 തരം പേരയ്ക്ക, ഇരുപതോളം വ്യത്യസ്ത ചാമ്പ, മില്‍ക്ക് ഫ്രൂട്ട്… ഇതൊക്കെയുണ്ട്. 40 വെറൈറ്റി മുളയും ഇവിടുണ്ട്,” എന്ന് മുസ്തഫ.
ഇവിടെ ചെലവഴിക്കാനെത്തുന്നവര്‍ക്ക് തൈ നടുന്നതിനെക്കുറിച്ചും വളമിടലിനെക്കുറിച്ചുമൊക്കെ നേരിട്ട് കണ്ടറിയാം. സ്വയം ചെയ്തുനോക്കാനും അനുവദിക്കും. ആവശ്യക്കാര്‍ക്ക് വേണ്ടി തൈകളും നല്‍കാനുള്ള പദ്ധതിയുണ്ട്. അതിനായുള്ള നഴ്സറിയും ഒരുങ്ങുന്നുണ്ട്.
നഴ്സറി മാത്രമല്ല പ്രകൃതി സൗഹൃദ വീടുകളും ഈ പറമ്പില്‍ നിര്‍മിക്കുകയാണെന്നു മുസ്തഫ പറയുന്നു. “ഇക്കോ ഫ്രണ്ട്ലിആയിട്ടുള്ള മണ്ണിലും മുളയിലും മരത്തിലുമുള്ള ആറോളം വീടുകളാണ് പണിയുന്നത്. കാട് കാണാന്‍ വരുന്നവര്‍ക്ക് താമസിക്കുന്നതിന് വേണ്ടിയാണിത്.
“പരിസ്ഥിതി സ്നേഹികളായിട്ടുള്ള, കൃഷിപ്രേമികള്‍ക്ക് വേണ്ടിയാണിത് നിര്‍മിക്കുന്നത്. ഫാം ടൂറിസത്തെ ഗൗരവത്തോടെ കാണുന്നവര്‍ക്ക് വേണ്ടിയാണ് ഈ പരിസ്ഥിതി സൗഹൃദവീടുകള്‍ ഒരുക്കുന്നത്. ഇതിന്‍റെ പണി തുടങ്ങി. പൂര്‍ണമായും സിമന്‍റ് ഒഴിവാക്കിയാണ് നിര്‍മാണം. പക്ഷേ, കല്ലും മണലുമൊക്കെ ഉപയോഗിക്കുന്നുണ്ട്,” അദ്ദേഹം വിശദീകരിച്ചു.
“ഞാനൊരു പക്കാ ബിസിനസുകാരനാണ്. കൃഷിയോടും പരിസ്ഥിതിയോടുമൊക്കെയുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ഞാന്‍ പലയിടത്തും കണ്ട കാര്യങ്ങളാണ്.
“വനവും കൃഷിയും കാട്ടരുവികളുമൊക്കെ ചേര്‍ത്ത് ഞാനിവിടെ ഈ പറമ്പില്‍ കൊണ്ടുവരികയായിരുന്നു. ചൈന, മലേഷ്യ, തായ്ലന്‍റ്, വിയറ്റ്നാം… ഇവിടൊക്കെ പോയിട്ടുണ്ട്.
“ഇതൊക്കെ ബിസിനസ് യാത്രകള്‍ ആയിരുന്നുവെങ്കിലും അന്നാട്ടിലെ കൃഷിയൊക്കെ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. ബിസിനസ് ആവശ്യമാണെങ്കിലും അന്നാട്ടിലെ ഫാംഹൗസുകളാണ് കൂടുതലും താമസിക്കുന്നതിന് തെരഞ്ഞെടുത്തിരുന്നത്. മണ്‍വീടുകളിലും മുളവീട്ടിലുമൊക്കെ താമസിച്ചിട്ടുണ്ട്. എന്‍റെ വീട് മരവീടാണ്.
“…പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ആ ആഗ്രഹത്തിലാണ് വീട് മരത്തില്‍ നിര്‍മിച്ചത്. 12 വര്‍ഷമായി മരവീട് വെച്ചിട്ട്. കോണ്‍ക്രീറ്റ് യൂസ് ചെയ്തിട്ടില്ല. എ സി ഒന്നും വെച്ചിട്ടില്ല. അതിന്‍റെ ആവശ്യമില്ല. വേനല്‍ക്കാലത്ത് പോലും വീടിനകത്ത് നല്ല തണുപ്പായിരിക്കും.
“വീട്ടിലേക്ക് ആവശ്യമായതൊക്കെയും ഇവിടെ കൃഷി ചെയ്തെടുക്കുന്നുണ്ട്,” വീട്ടിലെ ഹരിത കൃഷിയെക്കുറിച്ച് മുസ്തഫ പറയുന്നു.
“ഇതു വില്‍ക്കാനുള്ളതൊന്നുമില്ല. വീട്ടിലേക്കെടുക്കും. പിന്നെ ഇടയ്ക്ക് അയല്‍ക്കാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ കൊടുക്കാറുണ്ട്. വിപണനം ചെയ്യാന്‍ മാത്രമുള്ള അത്രയും കൃഷി ചെയ്യുന്നില്ല,” അദ്ദേഹം പറയുന്നു.
മലപ്പുറത്ത് വ്യവസായ പാര്‍ക്കില്‍ പാംകോ ട്രോഫീസ് ആന്‍ഡ് മൊമെന്‍റോസ് കമ്പനി നടത്തുകയാണ് മുസ്തഫ. ട്രോഫിയും മൊമെന്‍റോയുമൊക്കെ നിര്‍മിക്കുന്ന കമ്പനിയാണിത്. എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കൊമേഴ്സ്യല്‍ കോണ്‍ട്രാക്റ്ററായിരുന്നു മുസ്തഫ.
കൊച്ചി, കോയമ്പത്തൂര്‍, തിരുവനന്തപുരം, മംഗലാപുരം, ട്രിച്ചി, മധുര, ഗോവ എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളിലെ ബുക് സ്റ്റാളുകളൊക്കെ കോണ്‍ട്രാക്റ്റിനെടുത്ത് നടത്തിയിരുന്നു.
പി എ എം ഗ്രൂപ്പിന്‍റെ മാനെജിങ് ഡയറക്റ്റര്‍ കൂടിയാണ് ഇദ്ദേഹം. മാനുഫാക്ച്ചറിങ്ങ്, സര്‍വീസ്, റീട്ടെയ്ല്‍, അഡ്വൈര്‍ട്ടൈസിങ്ങ് രംഗത്തൊക്കെയായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് പിഎഎം.
കുടുംബത്തിന്‍റെ പിന്തുണയോടു കൂടിയാണിതൊക്കെ ചെയ്യുന്നത്. ഭാര്യയും നാലു മക്കളും എല്ലാത്തിനും ഒപ്പമുണ്ട്. ഷബ്ജയാണ് ഭാര്യ. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ എം എ ചെയ്യുകയാണ് മൂത്തമകള്‍ ഹന്ന. ഡിഗ്രി വിദ്യാര്‍ഥി നിഹാദ്, ഒമ്പതാം ക്ലാസുകാരന്‍ നബാസ്, നാലാം ക്ലാസുകാരന്‍ നസല്‍ എന്നിവരാണ് മറ്റ് മക്കള്‍.
ടി എസ് നൗഫിയ | This article was originally published on malayalam.thebetterindia.com