ഫ്ളെക്സ് സംസ്കാരം വലിച്ചെറിയൂ

പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഒരേപോലെ ദോഷകരമായ ഫ്‌ളെക്‌സ്‌ എന്ന മഹാവിപത്തിൽനിന്ന് നമ്മൾ പുറത്തുകടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യ-പരിസ്ഥിതി ഉൻമുമായ ഒരു പരിഷ്കൃതസമൂഹത്തിലും ഇതിനു സ്ഥാനമില്ല എന്നോർക്കേണ്ടതുണ്ട്. അത്തരം എല്ലാ സൂചകങ്ങളിലും മുന്നിലുള്ള നാം പക്ഷേ, ഇക്കാര്യത്തിൽ തികഞ്ഞ അലസതയും അനവധാനതയുമാണ് പ്രകടിപ്പിക്കുന്നത്.

  • ഡോ. എം. ചന്ദ്രദത്തൻ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ്
ഏറെനാളായി ഫ്‌ളെക്‌സ്‌ നിരോധനത്തെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ മുഴങ്ങിക്കേൾക്കുന്നു. രാഷ്ട്രീയപ്പാർട്ടികളാണ് ഫ്‌ളെക്‌സ്‌
ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നും അവർ നിർത്തിയാൽ തങ്ങളും നിർത്താമെന്നും ഫ്‌ളെക്‌സ്‌  നിർമാതാക്കൾ പറയുമ്പോൾ, അവർ നിർമാണം നിർത്തിയാൽ തങ്ങൾ നിർത്താമെന്നാണ് രാഷ്ട്രീയനേതാക്കളുടെ പക്ഷം. പ്രകൃതിയെയും മനുഷ്യാരോഗ്യത്തേയും മുൻനിർത്തി തർക്കം മുറുകുന്നതിനിടെ ഫ്ളെക്സ് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ഒടുവില്‍ കേരളം എത്തിച്ചേര്‍ന്നിരിക്കുകയാണ്.
ഇന്ന് പ്രചാരത്തിലുള്ള ഫ്‌ളെക്‌സിന്റെ നിർമാണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്തുവാണ് പോളിവിനൈൽ ക്ലോറൈഡ് എന്ന പി.വി.സി. വിനൈൽ ക്ലോറൈഡ് മോണോമറുകളെ (വി.സി.എം.) പോളിമറൈസ് ചെയ്താണ് പി.വി.സി. ഉണ്ടാക്കുന്നത്. ഈ വിനൈൽ മോണോമറുകൾ അർബുദത്തിനു കാരണമാകുന്നതാണെന്നു കണ്ടെത്തിയിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ദിവസമാണ് ചെവി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഇയർ ബഡ്‌സ് ഉൾപ്പെടെയുള്ള പി.വി.സി. നിർമിത വസ്തുക്കൾക്കുപോലും നിരോധനമേർപ്പെടുത്താൻ ബ്രിട്ടൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നത്. വികസിത രാഷ്ട്രങ്ങൾ ഇത്തരത്തിൽ പി.വി.സി.യിൽ നിന്ന് മുഖംതിരിച്ച് നടക്കുമ്പോഴാണ് നമ്മ‌ളിക്കാലത്തും പി.വി.സി.ക്ക് അമിതപ്രാധാന്യം നൽകുന്നത്. വഴക്കമുള്ള പി.വി.സി.യുടെ ഉപയോഗമാണ് ഫ്‌ളെക്സ് ഷീറ്റുകളിൽ ആകർഷകമായ വർണമുദ്രണവും തെളിമയും ലഭിക്കാൻ കാരണമാകുന്നത്. ചെലവ് കുറവെന്ന ഘടകത്തെപ്പോലെതന്നെ ഉപഭോക്താക്കളെ വളരെയധികം ഈ ഘടകവും സ്വാധീനിക്കുമെന്നതും ഈ അമിതപ്രാധാന്യത്തിന്റെ കാരണമാണ്.വൻതോതിൽ ക്ലോറിൻ ആവശ്യമായ ഒരു വ്യവസായമാണ് പി.വി.സി. ഉത്പാദനം. ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ രാസവിഷ ദുരന്തങ്ങളുടെയൊക്കെ പിന്നിൽ ക്ലോറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഓരോദിവസവും ക്ലോറിൻ അടിസ്ഥാനമാക്കിയ വിഷം നമ്മുടെ അന്തരീക്ഷത്തിൽ വർധിക്കുകയാണെന്നതാണ് യാഥാർഥ്യം.
Image result for kerala flex boards
അപകടകാരിയായ താലേറ്റ്
പി.വി.സി. കട്ടിയേറിയ പ്ലാസ്റ്റിക്കാണ്. അതിനു വഴക്കവും മൃദുത്വവും വർധിപ്പിക്കുന്നതിനാണ് താലേറ്റ് എന്ന രാസഘടകം ചേർക്കുന്നത്. ഒരു പി.വി.സി. ഉത്പന്നത്തിൽ 20-70 ശതമാനം താലേറ്റുണ്ടാവും. വഴക്കം കൂടുന്നതനുസരിച്ച് താലേറ്റിന്റെ അളവും കൂടും.താലേറ്റ് നിസ്സാരക്കാരനല്ല. പി.വി.സി. പ്ലാസ്റ്റിക്കുള്ള പാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലേക്ക് താലേറ്റ് സ്രവിച്ചിറങ്ങും. സ്ത്രീഹോർമോണുകളുടെ പ്രവർത്തനത്തെ അനുകരിക്കുകയാണ് അവ ചെയ്യുന്നത്. താലേറ്റ് കൂടുതലായി ഉള്ളിലെത്തുമ്പോള്‍ സ്ത്രീഹോർമോൺ ശരീരത്തിലെത്തിയതായുള്ള അനുഭവമാണുണ്ടാവുക. സ്തനവളർച്ച കൂടുതലുണ്ടാവുക, വളരെ നേരത്തേ ആർത്തവമുണ്ടാവുക, ആൺകുട്ടികളിൽ സ്ത്രീഭാവങ്ങൾ പ്രകടമാവുക. അണ്ഡാശയ അർബുദം പോലുള്ള രോഗങ്ങളുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. ചൈനീസ് കളിപ്പാട്ടങ്ങളിലും ചൈനയിൽനിന്നുള്ള പാത്രങ്ങളിലുമൊക്കെ താലേറ്റിന്റെ അളവ് കൂടുതലാണെന്നു കണ്ടെത്തിയിട്ടുള്ളതാണ്.കുട്ടികൾക്ക് ഏറെ ദോഷം ചെയ്യുമെന്നു കണ്ടെത്തിയതിനെത്തുടർന്ന് താലേറ്റുകൾ അടങ്ങിയ കളിപ്പാട്ടങ്ങൾ യൂറോപ്പിലും മറ്റു വികസിത രാജ്യങ്ങളിലും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തുകഴിഞ്ഞു. 2008-ലാണ് താലേറ്റ് അടങ്ങിയ കളിപ്പാട്ടങ്ങൾ യു.എസിൽ നിരോധിക്കുന്നത്. യു.എസിന് പിന്നാലെ ഓസ്ട്രിയ, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഇറ്റലി, ജപ്പാൻ, ഐസ്‌ലൻഡ്, മെക്സിക്കോ, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളും ഇവ നിരോധിച്ചു.
ജീർണിക്കാത്ത ​ഫ്ളെക്സ്
കേരളമിന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യപ്രശ്നങ്ങളിലൊന്ന് പുനഃചംക്രമണം ചെയ്യാൻ സാധിക്കാത്ത ​ഫ്ളെക്സാണ്. തുണികൊണ്ടുള്ള പരസ്യ ബാനറുകളുടെ ഏറ്റവും വലിയ ഗുണമെന്നത് അവ മണ്ണിൽ അലിഞ്ഞുചേരുന്ന നിരുപദ്രവ മാധ്യമമായിരുന്നു എന്നതാണ്. എന്നാൽ, നിലവിൽ പ്രചാരത്തിലുള്ള പി.വി.സി. ​ഫ്ളെക്സുകൾ അങ്ങനെയല്ല. അവ ഒട്ടും മണ്ണിൽ ലയിക്കാതെ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും കടുത്ത ദോഷം സൃഷ്ടിക്കും.
സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ 40 ഡിഗ്രി സെൽഷ്യസിനപ്പുറം താപനിലയിൽ പെട്ടെന്നു നശിച്ചുപോകുന്ന ഒരു സ്വഭാവവും പി.വി.സി.ക്കുണ്ട്. അതിന്റെ വേഗം കുറയ്ക്കാനായി ഉത്പാദനസമയത്തുതന്നെ ലെഡ്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങൾ ഇതിൽ താപസമീകാരികളായി ചേർക്കാറുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നവയാണ്‌.പി.വി.സി. പ്ലാസ്റ്റിക്കിൽ വേറെയും രാസപദാർഥങ്ങൾ ചേർക്കാറുണ്ട്. താപവിരോധികളായ ബ്രോമിൻ അടിസ്ഥാനമായ രാസപദാർഥങ്ങൾ, പലയിനം ഫില്ലറുകൾ, കീടനാശിനികൾ, പൂപ്പൽനാശിനികൾ. ഇവയൊന്നും പി.വി.സി.യുമായി രാസബന്ധത്തിലല്ലാത്തതുകൊണ്ട് ഇവയൊക്കെയും കാലം ചെല്ലുംതോറും അന്തരീക്ഷത്തിലേക്കോ പി.വി.സി.യുമായി സമ്പർക്കത്തിലുള്ള ഭക്ഷണത്തിലേക്കോ വെള്ളത്തിലേക്കോ മനുഷ്യശരീരത്തിലേക്കോ കടക്കുന്നു. ഉത്പാദനസമയത്തും ഉപഭോഗസമയത്തും ഇത്രയേറെ അപകടമുണ്ടാക്കുന്ന വസ്തു വേറെയില്ലെന്നു പറയേണ്ടിവരും.
ഇനി ഇത് കത്തിച്ചാലോ? ഓർഗാനിക് വസ്തുവിനോടൊപ്പം ക്ലോറിൻ കൂടിയുള്ളതിനാൽ പി.വി.സി. ഫ്ളെക്സ് കത്തിക്കുമ്പോൾ ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ അർബുദത്തിനും വന്ധ്യതയ്ക്കും കാരണമാകുന്ന വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുണ്ട്. കൂടാതെ സൾഫൈറ്റ്, നൈട്രേറ്റ് പോലെയുള്ള മാരകമായ രാസമാലിന്യങ്ങളും ഇവ കത്തിക്കുമ്പോൾ പുറത്തുവരും.
വെന്തുരുകാൻ 299 ഡിഗ്രി സെൽഷ്യസ് ചൂടുവേണ്ട അവ ചുറ്റുമുള്ള അന്തരീക്ഷത്തിലെ താപനില ഉയർത്തും. 4.7 പി.എച്ച്. മൂല്യമുള്ള ഫ്ളെക്സ് ചാരം മണ്ണിലെയും വെള്ളത്തിലെയും വായുവിലെയും അമ്ലാംശം അപകടരമാംവിധം ഉയർത്തും. പ്രകൃതിക്കും ജീവജാലത്തിനും ദോഷകരമായ, അന്തരീക്ഷവായുവിനേക്കാൾ കനംകൂടിയ ആ മാലിന്യങ്ങൾ ഒരു കരിമ്പടമായി രൂപപ്പെട്ട് പ്രാണവായു വിതരണം തടസ്സപ്പെടുത്തുകയും ചെയ്യും. പി.വി.സി. പ്ലാസ്റ്റിക് രൂപത്തിൽ മാത്രമല്ല, പ്ലാസ്റ്റിക്കുകൾ പ്രിന്റ് ചെയ്യുന്ന മഷിയായും അതുപയോഗിക്കുന്നുണ്ട്. അതായത് പ്രിന്റ് ചെയ്യപ്പെട്ടിട്ടുള്ള ഏതു പ്ലാസ്റ്റിക് ഉത്പന്നം തീയിലെറിഞ്ഞാലും അതപകടമാണ്.
റോഡുകൾക്കുപോലും വേണ്ടാത്ത പി.വി.സി.
അനുദിനം വഷളാവുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് പരിഹാരവുമായാണ് പ്ലാസ്റ്റിക് റോഡുകൾ എന്ന ആശയം സംസ്ഥാനത്ത് വിദഗ്ധർ മുന്നോട്ടുവെച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിന്റെ പലയിടങ്ങളിലും പ്ലാസ്റ്റിക് കലർത്തിയ റോഡുകളുടെ നിർമാണം നടക്കുകയാണ്. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണകേന്ദ്രം (നാറ്റ്പാക്) ആണ് പ്ലാസ്റ്റിക് പാഴ്‍വസ്തുക്കളുപയോഗിച്ചുള്ള റോഡുകളുടെ പ്രതലീകരണത്തിന് രംഗത്തുള്ളത്. പോളി എത്തിലീൻ, പോളി പ്രൊപ്പലീൻ, പോളിസ്റ്റിറീൻ വിഭാഗത്തിൽപ്പെടുന്ന പാൽക്കവർ, പോളികപ്പ്, പ്ലേറ്റ്, കാരിബാഗ്, പാഴ്‌സൽ കവർ തുടങ്ങി ഉപയോഗശൂന്യമായ പല പ്ലാസ്റ്റിക് സാധനങ്ങളും റോഡുനിർമാണത്തിന് ഉപയോഗിക്കാം. 60 മൈക്രോണിൽത്താഴെയുള്ള എല്ലാ പ്ലാസ്റ്റിക് നിർമിത ഉപകരണങ്ങളും ഇതിൽപ്പെടും. എന്നാൽ, പി.വി.സി. ഉത്പന്നങ്ങൾ ഒഴിവാക്കണമെന്നതാണ് കർശനമായ വ്യവസ്ഥ. ചൂടാവുമ്പോൾ അവയിൽനിന്ന് വിഷവാതകങ്ങൾ പുറത്തെത്തുമെന്നതുതന്നെ കാരണം.
2014ലെ സർക്കാർ ഉത്തരവ് 
2014-ലെ സംസ്ഥാനസർക്കാരിന്റെ ഉത്തരവുപ്രകാരം പി.വി.സി. ഫ്ളെക്സുകൾ ഉപയോഗിക്കുന്നത് സർക്കാർ ചടങ്ങുകളിൽനിന്ന്‌ പൂർണമായി വിലക്കിയിരുന്നു. പി.വി.സി. ഫ്ളെക്സിന് പകരമായി മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ദൗർലഭ്യവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽസുരക്ഷയും പി.വി.സി. ഫ്ളെക്സിന്റെ പൂർണനിരോധനത്തിന് തടസ്സമാകുന്നതായി ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ഫ്ളെക്സ് ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാൻ കഴിയാതിരുന്നത് ഫ്ളെക്സിന് ബദലായി റീസൈക്കിൾ ചെയ്യാവുന്നതും പി.വി.സി. രഹിതവുമായ മറ്റൊരു വസ്തു ഇല്ലാതിരുന്നതുകൊണ്ടാണ്.പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുള്ള നിയന്ത്രണം കേന്ദ്ര പരിസ്ഥിതി-വനംമന്ത്രാലയം കർശനമാക്കിയപ്പോൾ അതിൽപ്പറഞ്ഞിരുന്ന പ്രധാന വ്യവസ്ഥകളിലൊന്ന് ഇതായിരുന്നു- ‘പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണവും ഉപയോഗവും രണ്ടുവർഷത്തിനുള്ളിൽ നിർത്തലാക്കണം.’-അതുകൊണ്ടുതന്നെ ഒരുതരത്തിലും പുനരുപയോഗം സാധ്യതയില്ലാത്ത പി.വി.സി. ​ഫ്ളെക്സുകളുടെ നിരോധനം അത്യാവശ്യമാണ്.
ബദലായി പോളി എത്തിലീൻ
പി.വി.സി. ഫ്‌ളെക്സിന് ബദൽ മാർഗമില്ലാതിരുന്നതുകൊണ്ടാണ് അവ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കാത്തതെന്നാണ് സർക്കാർ വാദം. എന്നാൽ, അതിനു പകരമായി ഉപയോഗിക്കാവുന്ന മറ്റൊരു പദാർഥമാണ് പോളി എത്തിലീൻ നിർമിതമായിട്ടുള്ളതും 100 ശതമാനം പുനഃചംക്രമണം ചെയ്യാവുന്നതുമായ പോളി എത്തിലീൻ പ്രിന്റിങ് മെറ്റീരിയൽ. ഇത് ക്ലോറിൻ മുക്തമാണ്. അതിനാൽത്തന്നെ ഇവയിൽ നിന്ന് പുനഃചംക്രമണ വേളയിൽ ഒരുവിധത്തിലുള്ള വിഷവാതകങ്ങളും പുറന്തള്ളപ്പെടില്ല. പോളി എത്തിലീൻ കത്തുമ്പോൾ താരതമ്യേന ദോഷം കുറഞ്ഞ കാർബൺ ഡൈഓക്സൈഡ് ഉണ്ടാകാനുള്ള സാധ്യതയേയുള്ളൂ. സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയതുമാണ്.35-ാം ദേശീയ ഗെയിംസിൽ പി.വി.സി. ഫ്ളെക്സിനെ പൂർണമായി ഒഴിവാക്കാനുള്ള നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ശുചിത്വമിഷന്റെ ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി പൂർണമായും പരിസ്ഥിതി സൗഹാർദവസ്തുക്കൾ ഉപയോഗിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിന്റെ ഭാഗമായും പോളിഎത്തിലീൻ അടിസ്ഥാനമാക്കിയുള്ള ഫ്ളെക്സ് പി.വി.സി. ഫ്‌ളെക്സിന് പകരമായി ഉപയോഗിച്ചു. ഇത് ബദൽ സംവിധാനത്തിന്റെ വിജയമായി കണക്കാക്കാവുന്നതാണ്.
നിലവിലെ ഫ്‌ളെക്സ് പ്രിന്റിങ് മെഷീൻ ഉപയോഗിച്ച് അതേ ചുറ്റുപാടിൽത്തന്നെ പോളി എത്തിലീൻ മെറ്റീരിയലും അതുപോലെ പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇതര മെറ്റീരിയലുകളും നിർമിക്കാം. പി.വി.സി. ഫ്ളെക്സിന്റെ അതേവിലയിൽ ഇത്‌ ലഭ്യമാക്കാം. പൂർണനിരോധനത്തിൽ ഫ്ളെക്സ് പ്രിന്റിങ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കില്ല. അതിനാൽത്തന്നെ പി.വി.സി. ഫ്‌ളെക്സിന്റെ പൂർണ ഉപയോഗത്തിന് വിലങ്ങുതടിയാണെന്ന് സർക്കാർതന്നെ പറയുന്ന തൊഴിൽസുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതുമായ പോളി എത്തിലീൻ ഉപയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. പോളി എത്തിലീൻ പരിസ്ഥിതിക്ക് ദോഷംചെയ്യില്ലെന്ന് ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണബോർഡ്, ക്ലീൻ കേരളാ കമ്പനി എന്നിവ ശുപാർശ ചെയ്തതും എടുത്തുപറയേണ്ടതുണ്ട്. ഫ്‌ളെക്സ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ അവ ഉപയോഗശേഷം സ്ഥാപിച്ചവർ എടുത്തുമാറ്റാതെ അവ അതേപടി ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലെന്നല്ല, എല്ലായിടങ്ങളിലും കണ്ടുവരുന്നത്. ഇവ മണ്ണിലലിഞ്ഞു ചേരാത്തതുമൂലമുള്ള മലിനീകരണം കണക്കിലെടുത്താണ് സംസ്ഥാനസർക്കാർ പോളി എത്തിലീൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്.
സർക്കാർ നിർദേശങ്ങൾ
1.  സർക്കാർ ചടങ്ങുകൾക്കും പരസ്യങ്ങൾക്കും പോളി എത്തിലീനോ അതുപോലുള്ള മറ്റെന്തെങ്കിലും വസ്തുവോ ഉപയോഗിക്കുക.
2. പോളി എത്തിലീൻ മെറ്റീരിയലിൽ പ്രിന്റ് ചെയ്യുമ്പോൾ ‘പി.വി.സി. ഫ്രീ, 100 ശതമാനം റീസൈക്കിളബിൾ’ എന്ന് പ്രിൻറ് ചെയ്യണം. പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, പ്രചാരണ കാലാവധി എന്നിവയും രേഖപ്പെടുത്തണം.
3.  രാഷ്ട്രീയപ്പാർട്ടികളും പൊതുജനസംഘടനകളും ട്രേഡ് യൂണിയനുകളും മറ്റു സ്ഥാപനങ്ങളും ​െഫ്ലക്സ് ബോർഡുകൾക്കും/പരസ്യങ്ങൾക്കും പകരം പോളി എത്തിലീൻ മെറ്റീരിയലോ സമാനമായ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കണം.
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ്  മാനേജ്‌മെന്റ്‌ നിയമപ്രകാരം ഒന്നിലധികം പാളികളുള്ളതും
പുനഃചംക്രമണം ചെയ്യാനാവാത്തതുമായ പ്ലാസ്റ്റിക്കുകളുടെ നിർമാണവും ഉപയോഗവും പൂർണമായും നിർത്തലാക്കാൻ അനുശാസിക്കുന്നുണ്ട്. വിവിധ പാളികളുള്ളതുകൊണ്ടും പുനഃചംക്രമണം ചെയ്യാനാവാത്തതിനാലും പി.വി.സി. ​െഫ്ലക്സിന്റെ നിരോധനം അനിവാര്യമാണ്.

എത്തിലീൻ ഉപയോഗിക്കണം
ചെറിയരീതിയിലാണ് തുടങ്ങിയതെങ്കിലും അതിവേഗമാണ് ഫ്ളെക്സ് വ്യാപിച്ചത്. അതിന്റെ തെളിമയും മറ്റും തന്നെ അതിനുകാരണം. ഉപയോഗശേഷം ഫ്ലക്സ് കത്തിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. വേറെ മാർഗമില്ലാത്തതു കൊണ്ടാണിത്. കേരളംപോലുള്ള സംസ്ഥാനങ്ങളിലാണ് പി.വി.സി. ​ഫ്ളെക്സിന്റെ ആധിക്യം ഏറ്റവുമധികമുള്ളത്. ഇതപകടകരമാണ്. തുണിയാണ് ഏറ്റവും നല്ല മാർഗമെങ്കിലും ഫ്‌ളെക്സിൽ പ്രിന്റ് ചെയ്യുന്ന തെളിമയൊന്നും തുണിയിൽ കിട്ടില്ല. പി.വി.സി.ക്കുപകരം പോളി എത്തിലീൻ ഉപയോഗിക്കാൻ എല്ലാവരും തുടങ്ങണം.

Source: mathrubhumi.com

 

Leave a Reply

Your email address will not be published. Required fields are marked *