മരംകൊള്ള – കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെ സംയുക്ത പ്രസ്താവന
കേരളത്തിൽ വിവാദമായ മരംകൊള്ളയുമായി ബന്ധപ്പെട്ട്, പരിസ്ഥിതി-സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരും സംഘടനകളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന.
- 11.03.2020 ലെ സർക്കുലറും 24.10.2020 ലെ മരംമുറി ഉത്തരവും നിയമവിരുദ്ധം. ഈ ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സർക്കാർ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി.
- ഇതിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലായെന്ന് ഒരന്വേഷണവുമില്ലാതെ മുഖ്യമന്ത്രി തന്നെ നിലപാട് എടുത്ത സ്ഥിതിക്ക് ഈ വിഷയത്തിൽ സി ബി ഐ അന്വേഷണം ആവശ്യമാണ്.
- ആദിവാസികളുടെയും കർഷകരുടെയും പേരു പറഞ്ഞുള്ള മരംകൊള്ളക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണം.
- കർഷകരുടെ അവകാശം കൃത്യമായി നിർവചിക്കുന്ന സുതാര്യമായ നിയമഭേദഗതി കൊണ്ടുവരണം.
നിയമവിരുദ്ധ സർക്കുലറും ഉത്തരവും
1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ കർഷകർ വെച്ച് പിടിപ്പിച്ചതും, കിളിർത്തു വന്നതും, പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ചു റിസർവ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നും, അത് കർഷകർക്ക് മുറിക്കാവുന്നതാണെന്നും അത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുമെന്ന റവന്യു വകുപ്പിന്റെ 24.10.2020 ലെ ഉത്തരവ് നിയമവിരുദ്ധമായി ഇറക്കിയതാണ്. ഉത്തരവിന് മുൻപ്, നിയമവിരുദ്ധമായി ഒരു സർക്കുലറും 11.03.2020 ൽ റവന്യു വകുപ്പുതന്നെ ഇറക്കിയിരുന്നു. ഈ സർക്കുലർ സർക്കാർതലത്തിൽ തന്നെ പല ഉദ്യോഗസ്ഥരും നടപ്പാക്കാൻ വിസ്സമ്മതിച്ചിരുന്നു . ഈ എതിർപ്പിനെ മറികടക്കാനാണ് ഉദ്യോഗസ്ഥരെ ഭീക്ഷിണിപ്പെടുത്തുന്ന വാചകങ്ങളുള്ള പുതിയ ഉത്തരവ് ഇറക്കിയത്. ഇതിന്റെ ബലത്തിലാണ് കേരളം കണ്ട വനേതരഭൂമിയിലെ ഏറ്റവുംവലിയ മരം കൊള്ള നടന്നത്.
തുടർന്നാണ് സംസ്ഥാന വ്യാപകമായി ഉണ്ടായ മരംമുറി കേസുകൾ അന്വേഷിക്കാൻ വനം-റവന്യു-വിജിലൻസ്-ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ചത് . എന്നാൽ നിയമവിരുദ്ധമായ ഈ ഉത്തരവ് ഇറക്കി സർക്കാരിൻ്റെ മുതൽ കൊള്ളയടിക്കാൻ കൂട്ടുനിന്നത് ആരാണെന്നും അതിന്റെ പിന്നിൽ അഴിമതി നടന്നിട്ടുണ്ടോ എന്നും പരിശോധിക്കാൻ ഒരന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല എന്നത് ഖേദകരവും ദുരുദ്ദേശപരവും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയുമാണ്.
1980 ലെ വനസംരക്ഷണ നിയമത്തിനു മുൻപ് ഒട്ടേറെ വനഭൂമി 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയിട്ടുണ്ട്. ഇവയിലെ എല്ലാ മരങ്ങളും 1981 ലെ കേരളാ വനം നിയമത്തിൻ്റെ 82 ആം വകുപ്പ് അനുസരിച്ച് വനംവകുപ്പിന്റെതാണ് . 1975 ലെ കേരള വനചട്ട പ്രകാരം തേക്ക്, വീട്ടി , ചന്ദനം, എബണി എന്നീ മരങ്ങൾ പട്ടാരക്ക് വിൽക്കുന്നതിനു വിലക്കുണ്ട്. 1995 ലെ കേരള വനംചട്ട പ്രകാരവും സംരക്ഷിത മരങ്ങൾ മുറിക്കുന്നതിന് വിലക്കുണ്ട്. 1986 ലെ മരസംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഗ്രാമങ്ങളിൽ തേക്ക്, വീട്ടി , ചന്ദനം മുതലായ മരങ്ങൾ മുറിക്കുന്നതിനും വിലക്കുണ്ട്.
2005 ലെ വനേതര ഭൂമിയിലെ വൃക്ഷവളർത്തൽ പ്രോത്സാഹന നിയമത്തിൻ്റെ ആറാം വകുപ്പ് പ്രകാരം വനേതര ഭൂമിയിൽ നിന്നും ചന്ദനം ഒഴികെയുള്ള മരങ്ങൾ , മുറിക്കാം. എന്നാൽ ഏലമലക്കാട് പ്രദേശത്തെ മരങ്ങൾക്കും, 1986 ലെ മരസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപെട്ട മരങ്ങൾക്കും, പട്ടയഭൂമിയിലെ പട്ടയം നൽകുമ്പോൾ നിലനിന്നിരുന്ന മരങ്ങൾക്കും ഈ നിയമം ബാധകമല്ല എന്ന് വ്യക്തമായി എടുത്തുപറഞ്ഞിട്ടുണ്ട് . അതായത്, വിവാദ ഉത്തരവിലെ നാലും അഞ്ചും പാരഗ്രാഫുകൾ മേല്പറഞ്ഞ എല്ലാ നിയമങ്ങളുടെയും ലംഘനമാണ് .
1964 ലെ ഭൂപതിവ് ചട്ടം 2017 ൽ ഭേദഗതി ചെയ്തെങ്കിലും, അതുവരെ സർക്കാർ നൽകിയ പട്ടയങ്ങളിലെ വ്യവസ്ഥകൾ പ്രകാരം സർക്കാരിൻ്റെ ഉടമസ്ഥതയിലും സംരക്ഷണയിലും കഴിഞ്ഞിരുന്ന മരങ്ങൾ വിശിഷ്യാ തേക്ക്, ഈട്ടി, എബണി എന്നിവ സർക്കാരിൻ്റെത് അല്ലാതാകുന്നില്ല. അത്തരം മരങ്ങൾ നിയമവിരുദ്ധമായി വെട്ടിക്കൊണ്ടു പോകാനുള്ള സർക്കുലറും ഉത്തരവും ഇറക്കിയത് നോട്ടക്കുറവല്ല.
2020 മാർച്ച് 11 ന്റെ സർക്കുലറിൽ, പട്ടയഭൂമിയിൽ നട്ടുവളർത്തിയതും നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം പട്ടാദാർക്ക് ആണെന്നും 17.08.2017 മുതൽ പഴയ പട്ടയവ്യവസ്ഥകൾ കണക്കാക്കേണ്ടതില്ല എന്നും പറയുന്നുണ്ട്. എന്നാൽ 2017 ലെ ചട്ടഭേദഗതി കൊണ്ട് മുൻകാല പട്ടയവ്യവസ്ഥകൾ ഇപ്പോൾ ലംഘിക്കാൻ കഴിയില്ല എന്നതാണ് നിയമം. ഈ സർക്കുലറിൽ “നിലനിർത്തിയതുമായ” എന്ന പ്രയോഗം ബോധപൂർവം ഉൾപെടുത്തുകവഴി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാനുള്ള അവസരമാണ് ഒരുക്കി കൊടുത്തത് . “തേക്ക് ഉൾപ്പെടെയുള്ള റിസർവ് മരങ്ങൾ മുറിക്കാനുള്ള നിരവധി അപേക്ഷകളും ലഭിക്കുന്നുണ്ട് ” എന്നത് അതേ സർക്കുലറിലെ വാചകമാണ്. ഇതോടെ, തേക്കുമരം മുറിക്കാനുള്ള അനുമതിക്കായല്ല സർക്കുലർ ഇറക്കിയത് എന്ന വാദമാണ് പൊളിയുന്നത്. ഈ സർക്കുലർ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധം ആയതിനാലാണ് 2020 ജൂലൈ 8 ലെ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതത് . റവന്യു വകുപ്പ് ഇറക്കിയ സർക്കുലർ മന്ത്രിതല തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് എന്ന് ചൂണ്ടിക്കാട്ടി 30.06.2020 നു വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ തന്നേ സർക്കാരിന് കത്ത് നൽകിയിട്ടുമുണ്ട്. ഇക്കാര്യങ്ങളൊക്കെ മറച്ചു വെച്ചാണ് അതേ സർക്കുലർ ചൂണ്ടിക്കാട്ടി 24.10.2020 ലെ വിവാദ ഉത്തരവ് റവന്യു വകുപ്പ് ഇറക്കിയത്. കേസ് നിലനിൽക്കെ, വനംവകുപ്പുമായോ നിയമവകുപ്പുമായോ ആലോചിക്കാതെയാണ് തിടുക്കപ്പെട്ട് ഉത്തരവിറക്കിയത് എന്ന് അനുമാനിക്കാം. ഇതെല്ലാം കാണിക്കുന്നത് സദുദ്ദേശപരമല്ല പ്രസ്തുത ഉത്തരവ് എന്നാണ്.
ഇത്തരത്തിലുള്ള നിയമലംഘന സംവിധാനങ്ങൽ ഒരുക്കിയതിനെ പറ്റി മുൻ റവന്യൂ മന്ത്രി ശ്രി ചന്ദ്രശേഖരനും ഇപ്പോഴത്തെ റവന്യു മന്ത്രി ശ്രി രാജനും സിപിഐ സംസ്ഥാന സെക്രട്ടറി ശ്രി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയുമടക്കം സൗകര്യപൂർവ്വം മൗനം പാലിക്കുകയാണ്. പട്ടയഭൂമിയിലെ വീട്ടിയും തേക്കും നിയമവിരുദ്ധമായി വെട്ടിക്കൊണ്ട് പോകാൻ ആദ്യത്തെ സർക്കുലർ കൊണ്ട് തന്നെ സൗകര്യമൊരുക്കുകയാണ് റവന്യു വകുപ്പ് ചെയ്തത്. ഒരേ ഭൂമി ഒരേ ജീവൻ എന്ന പരിസ്ഥിതി സംഘടനയുടെ കേസിൽ ഹൈക്കോടതി അതിനെ തടയിടുകയും ചെയ്തു . കോടതി ഉത്തരവ് മറച്ചുവെച്ചാണ് 2020 ഒക്ടോബറിലെ ഉത്തരവ് ഇറക്കിയതും, മരം മുറിക്കേണ്ടവരൊക്കെ കാര്യം സാധിച്ചുകഴിഞ്ഞപ്പോൾ ഈ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലായെന്നു നല്ല ബോധ്യമുള്ള റവന്യു വകുപ്പുതന്നെ ഈ സർക്കുലറും ഉത്തരവും 2021 ഫെബ്രുവരിയിൽ റദ്ദ് ചെയ്തത് . സർക്കുലറും ഉത്തരവും ദുരുപയോഗിക്കപ്പെട്ടതുകൊണ്ട് മാത്രമല്ല, നിയമവിരുദ്ധം ആയതുകൊണ്ടുകൂടിയാണ് റദ്ദാക്കിയത് എന്ന റദ്ദാക്കിയ ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട് . റദ്ദ് ചെയ്യാനുള്ള അഞ്ചു കാരണങ്ങൾ ആ ഉത്തരവിൽ തന്നെ വ്യക്തമായി പറയുന്നുമുണ്ട്. ആ അഞ്ചുകാരണങ്ങളും സർക്കാരിന് പറ്റിയ പിഴവുകൾ ആണെന്ന് അത് വായിക്കുന്ന ആർക്കും മനസ്സിലാകും. അങ്ങനെയിരിക്കെ ഉത്തരവിറക്കിയതിൽ ഒരു പിശകും സംഭവിച്ചിട്ടില്ലായെന്നും അതിന്റെ ദുരുപയോഗം മാത്രമാണ് നടന്നതെന്നും ഉത്തരാവാദിത്തപ്പെട്ടവരൊക്കെ ആവർത്തിച്ചു പറയുന്നത് നുണയാണ്.
കുടുങ്ങിയത് ആദിവാസികളും കർഷകരും!
ഈ സർക്കുലറും ഉത്തരവും ഇറക്കിയ കാലത്തുള്ള റവന്യു മന്ത്രിയും ഇപ്പോഴുള്ള റവന്യു മന്ത്രിയും അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയടക്കം ഒരേ സ്വരത്തിൽ പറയുന്ന മറ്റൊരുകാര്യം ഈ ഉത്തരവ് കർഷകർക്ക് വേണ്ടി പുറപ്പെടുവിച്ചതാണെന്നാണ്.
12.02.2020 നു കൽപ്പറ്റ എം.എൽ.എ. ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ, വയനാട് ജില്ലയിലെ പട്ടയ ഭൂമിയിലെ റിസർവ് ചെയ്ത വീട്ടിമരങ്ങൾ മുറിക്കാൻ പ്രത്യേക പാക്കേജ് നൽകണമെന്ന ആവശ്യം ഉന്നയിക്കുകയും, മുഖ്യമന്ത്രി അത് പരിശോധിക്കാനായി 19.02.2020 ൽ വനം-റവന്യു വകുപ്പുകൾക്ക് നൽകുകയും ചെയ്തതിൻ്റെ തെളിവ് പുറത്തുവന്നിട്ടുണ്ട്. ഇതേ തുടർന്നാണ് 11.03.2020 ൽ ആദ്യ സർക്കുലർ വന്നതെന്ന് സംശയിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്. വീട്ടിത്തടി വെട്ടിക്കൊണ്ടുപോകുന്നതിന് അനുവദിച്ച ‘പ്രത്യേക പാക്കേജിന്’ പിന്നിൽ പ്രവർത്തിച്ച നിക്ഷിപ്ത താൽപ്പര്യങ്ങൾ ആരുടേയൊക്കെയാണെന്ന കാര്യവും അന്വേഷിക്കേണ്ടതാണ്.
ഈ സർക്കുലറിന്റെയൊ ഉത്തരവിന്റെയൊ മറവിൽ എവിടെയെങ്കിലും കർഷകരൊ ആദിവാസികളൊ അവരുടെ പട്ടയഭൂമികളിലുള്ള സംരക്ഷിക്കപെട്ട മരങ്ങൾ അവരായി മുറിച്ചു മാറ്റിയതായി അറിവില്ല. എന്നാൽ മരംമുറി മാഫിയ ഇവരെ തെറ്റിദ്ധരിപ്പിച്ചു കോടികണക്കിന് വിലമതിക്കുന്ന വീട്ടി, തേക്ക് അടക്കം നൂറുകണക്കിന് മരങ്ങളാണ് പല ജില്ലകളിൽ നിന്നും ഇവർക്ക് തുച്ഛമായ വിലയും നൽകി മുറിച്ചു കൊണ്ടുപോയത്. ഈ മരങ്ങളിൽ മിക്കതും സംരക്ഷണപ്പട്ടികയിലുള്ള ട്രീ രെജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള മരങ്ങളാണെന്നു വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുമുണ്ട്. ഇവിടെയൊക്കെത്തന്നെ വനംവകുപ്പും റവന്യു വകുപ്പും ഭൂമിയുടെ പട്ടാധാർക്കെതിരെ, അതായത് ആദിവാസികൾക്കും കർഷകർക്കും എതിരെ വിവിധ വകുപ്പുകൾ ചാർത്തി കേസെടുത്തിട്ടുമുണ്ട്. അതായത് സർക്കാർ കർഷകരെയും ആദിവാസികളെയും സഹായിക്കാൻ എന്ന പേരിൽ ഇറക്കിയ നിയമവിരുദ്ധ സർക്കുലറിന്റെയും ഉത്തരവിന്റെയും ഇരകളായത് പട്ടയഭൂമിയുടെ ഉടമസ്ഥരായ ആദിവാസികളും കർഷകരും ആണ്.
1964 ലെ ചട്ടപ്രകാരം പട്ടയഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ചതും വളർന്നുവന്നതുമായ മരങ്ങൾ ആവശ്യാനുസരണം മുറിക്കുന്നതിന് അവരെ അനുവദിക്കുക എന്ന LDF നയം 2017 മുതൽ ഉള്ളതാണെന്ന് നേതാക്കൾ പറയുന്നു. ഇതിനാകട്ടെ സർവ്വകക്ഷി പിന്തുണയുമുണ്ട്. മൂന്നര വർഷം കഴിഞ്ഞിട്ടും നിയമത്തിലെ നൂലാമാലകൾ നീക്കി ആ നയം സുതാര്യമായ പ്രക്രിയയിലൂടെ നിയമമാക്കി നടപ്പാക്കാൻ കഴിഞ്ഞില്ല എന്നത് സർക്കാരിന്റെ വീഴ്ചതന്നെയാണ്. ഏതെങ്കിലും പരിസ്ഥിതി പ്രവർത്തകരോ സംഘടനകളോ ഇങ്ങനെ ഒരു നിയമം കൊണ്ടു വരുന്നതിനെ എതിർത്തിട്ടുമില്ല . വ്യക്തത വരുത്താനെന്ന പേരിൽ ഇറക്കിയ ഉത്തരവുകളിൽ വ്യക്തത ഉണ്ടായില്ല എന്നു മാത്രമല്ല, അത് ആദിവാസികൾക്കും കർഷകർക്കും വിനയായി മാറുകയാണ് ചെയ്തത്. ഉദ്യോഗസ്ഥർ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നിയമവിരുദ്ധമായ ഉത്തരവ് ഇറക്കാൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിക്കാത്ത സാഹചര്യത്തിൽ, ആ തെറ്റിന്റെ ഉത്തരവാദിത്തം അന്നത്തെ മന്ത്രിയും പാർട്ടിയും ഏറ്റെടുക്കേണ്ടതാണ് . ഒപ്പം കർഷകരെയും ആദിവാസികളെയും സഹായിക്കുന്ന സുതാര്യവും വ്യക്തവും പഴുതുകളില്ലാത്തതുമായ നിയമനിർമാണം ഇനി വൈകിക്കൂടാ.
സിബിഐ അന്വേഷണം വേണം
ഇപ്പോൾ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മരം മുറിച്ചുപോയ കുറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് അന്വേഷണ പരിധിയിലുള്ളത് . വനംവകുപ്പിന്റെ അന്വേഷണവും ഇതിൽ മാത്രമൊതുങ്ങും . വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽത്തന്നെ വ്യക്തമാക്കിയിട്ടും സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല എന്ന നുണ മുൻ റവന്യു മന്ത്രിയും ഇപ്പോഴത്തെ റവന്യു മന്ത്രിയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയും പരസ്യമായി പ്രഖ്യാപിച്ചിരിക്കെ ആ നിലപാട് സ്വീകരിച്ച സംസ്ഥാനസർക്കാറിന്റെ കീഴിലുള്ള ഏതന്വേഷണവും വിശ്വാസയോഗ്യമാവില്ല . അതുകൊണ്ടുതന്നെ സർക്കാരിന് പുറത്തുള്ള ഏതെങ്കിലും ഒരു ഏജൻസി തന്നെയാണ് അന്വേഷിക്കേണ്ടത്.
കേരളത്തിൽ പലയിടങ്ങളിലും നടന്ന മരംമുറിക്ക് പിന്നിലെ അഴിമതി, കുറ്റകരമായ വീഴ്ച, കുറ്റംചെയ്യാൻ പ്രേരിതമായ സർക്കുലർ, ഉത്തരവുകൾ, ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം എന്നിവ നിലവിലുള്ള അന്വേഷണ പരിധിയിൽ വരില്ലായെന്നതിനാലും, ഉന്നതതല ഉദ്യോഗസ്ഥരും മുൻമന്ത്രിയും ഒക്കെ അന്വേഷണ പരിധിയിൽ വരണം എന്നതിനാലും, വീഴ്ചപറ്റിയിട്ടില്ല എന്ന നുണ ബഹു. മുഖ്യമന്ത്രിതന്നെ ആവർത്തിക്കുന്നതിനാലും ഇക്കാര്യത്തിൽ സത്യം പുറത്ത് വരാൻ സി ബി ഐ അന്വേഷണം തന്നെ വേണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
ഡോ. വി എസ് വിജയൻ, എൻ ബാദുഷാഹ്, ശ്രീധർ രാധാകൃഷ്ണൻ (9995358205), പ്രഫസർ കുസുമം ജോസഫ്, (NAPM ദേശീയ കൺവീനർ), ടി.പി.പത്മനാഭൻ (സീക്ക്,പയ്യന്നൂർ), പ്രഫ: ശോഭീന്ദ്രൻ, അഡ്വ ഹരീഷ് വാസുദേവൻ, ജോൺ പെരുവന്താനം (സേവ് ദി വെസ്റ്റേൺ ഘാട്ട് മൂവ്മെന്റ്), എസ്. ഉഷ (കിസാൻ സ്വരാജ്), തോമസ്സ് അമ്പലവയൽ (വയനാട് പ്രക്രുതി സംരക്ഷണസമതി), അബൂ പൂക്കോട് (ഗ്രീൻ ക്രോസ്സ്, വയനാട്), രാജേഷ് കൃഷ്ണൻ (വയനാട് കർഷക കൂട്ടായ്മ), അഡ്വ ടി വി രാജേന്ദ്രൻ (പ്രസിഡന്റ് ജില്ല പരിസ്ഥിതി സമിതി കാസറഗോഡ്), കെ പ്രവീൺകുമാർ (പ്രസിഡന്റ് നെയ്തൽ തൈകടപ്പുറം നീലേശ്വരം, കാസറഗോഡ്), അഡ്വ. വിനോദ് പയ്യട (കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി), സത്യൻ മേപ്പയ്യൂർ (മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി), ടി വി രാജൻ (കേരള നദീസംരക്ഷണ സമിതി), കെ.രാജേന്ദ്രൻ, ഉപ്പു വള്ളി (നിലമ്പൂർ പരിസ്ഥിതി സംരക്ഷണ സമിതി), പി.സുന്ദരരാജൻ (മലപ്പുറം ജില്ലാ പരിസ്ഥിതി സമിതി), അഡ്വ ബിജു ജോൺ (നിലമ്പൂർ പ്രകൃതി പഠനകേന്ദ്രം), അബ്ദുൽ ഷുക്കൂർ , (ചാലിയാർ സംരക്ഷണ സമിതി,വാഴക്കാട്), ഗോപാലകൃഷ്ണൻ, വിജയലക്ഷമി (സാരംഗ്, അട്ടപ്പാടി), കെ.എം.സുലൈമാൻ (ഫയർ ഫ്രീ ഫോറസ്റ്റ്), വിജയരാഘവൻ ചേലിയ (ലോഹ്യാ വിചാർ വേദി), എസ്. ഉണ്ണികൃഷ്ണൻ, (റിവർ റിസർച്ച് സെൻറർ, തൃശ്ശൂർ), എം.മോഹൻദാസ്സ് (റിവർ പ്രൊട്ടക്ഷൻ ഫോറം, കൊടകര , തൃശൂർ), എസ പി രവി (ചാലക്കുടി പുഴ സംരക്ഷണ സമിതി, തൃശൂർ), ശരത്, (കേരളീയം, തൃശ്ശൂർ), എം എൻ ജയചന്ദ്രൻ. (പ്രകൃതിസംരക്ഷണ വേദി, ഇടുക്കി), പുരുഷൻ ഏലൂർ (പെരിയാർ മലിനീകരണ വിരുദ്ധ സമിതി, ഏലൂർ, എറണാകുളം), വിഷ്ണുപ്രിയൻ കർത്താ (കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, എറണാകുളം), ഡോ. ബി ശ്രീകുമാർ (കോട്ടയം നേച്ചർ സൊസൈറ്റി), അനിൽകുമാർ എം കെ (ഇല നേച്ചർ ക്ലബ്, ചെങ്ങന്നൂർ), വിജിൽനെറ്റ്, കൊല്ലം, പ്രദീപ്, (നന്മ, ആനാക്കോട്, തിരുവനന്തപുരം), അനിത ശർമ്മ, (ട്രീ വാക് തിരുവനന്തപുരം), ഷീജ (ജനകീയം, തിരുവനന്തപുരം), സുശാന്ത് എസ് (വേഡർസ് ആൻഡ് വാർബ്ലേർസ്, തിരുവനന്തപുരം), വീണ (ഇക്കോസൊല്യൂഷൻസ്, തിരുവനന്തപുരം), സോണിയ ജോർജ്ജ് (സേവ, തിരുവനന്തപുരം), രാജേന്ദ്ര കുമാർ (തണൽക്കൂട്ടം, തിരുവനന്തപുരം), ഭാരത് ഗോവിന്ദ് (ക്ലൈമറ്റ് ഹുഡ് , തിരുവനന്തപുരം), ഗോപകുമാർ മാതൃക (സേവ് ശംഖുമുഖം, തിരുവനന്തപുരം), അജിത്ത് ശംഖുമുഖം, (കടലറിവുകൾ, തിരുവനന്തപുരം), അനഘ്, (ബ്രിങ് ബാക്ക് ഗ്രീൻ, തിരുവനന്തപുരം), സി.ആർ. നീലകണ്ഠൻ, മെഹർ നൗഷാദ് (ഫ്രണ്ട്സ് ഓഫ് നേച്ചർ friendsofnature.in)