ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി
ആലപ്പുഴ വേമ്പനാട് കായല്‍ത്തീരത്ത് പാണാവള്ളിയില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് മുത്തൂറ്റ് നിര്‍മ്മിച്ച കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന സുപ്രീം കോടതി. സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കയ്യേറിയും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചും നിര്മ്മിച്ചാണെന്ന് ആരോപണമുയർന്ന റിസോർട്ടാണ് പൊളിച്ച് മാറ്റാൻ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷൻ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ടിനെതിരായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
മരടിന് പിന്നാലെ ആലപ്പുഴ പാണാവള്ളി പഞ്ചായത്തിൽ നെടിയതുരുത്തില്‍പെട്ട കാപ്പിക്കോ റിസോർട്ടും പൊളിക്കേണ്ടി വരും. റിസോർട്ട് പൊളിക്കാനുള്ള കേരള ഹൈക്കോടതി വിധിക്ക് എതിരെ കാപ്പിക്കോ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. തീരദേശ പരിപാലന നിയമ ലംഘിച്ച് നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഹർജി സുപ്രീം കോടതി തള്ളിയത്.
2007 ലാണ് പാണാവളളി പഞ്ചായത്തിലെ നെടിയന്തുരുത്ത് ദ്വീപില്‍ കാപ്പിക്കോ റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചത്. കായലിൽ നിന്നും ഒരു മീറ്റർ പോലും അകലം പാലിക്കാതെയാണ് റിസോർട്ട് പണിതത്. നിര്‍മാണത്തിന് വിലക്കുള്ള സി.ആര്.ഇസഡ് 1 ല്‍ പെട്ട സ്ഥലത്ത് നിര്‍മാണത്തിന് പാണാവള്ളി പഞ്ചായത്ത് അനുമതി നല്കി. 50 ഓളം കോട്ടേജുകളാണ് ദ്വീപ് കയ്യേറി നിര്‍മിച്ചത്. 2013ൽ ഉത്തരവ് ഇടുകയും ചെയ്തു.കാപ്പിക്കോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാനും ഉത്തരവുണ്ടായിരുന്നു.ഇതിൽ വാമിക റിസോര്‍ട്ട് മാത്രമാണ് പൊളിച്ച് നീക്കിയത്. സംരക്ഷിതവിഭാഗമായ റാംസര്സൈറ്റില് ഉള്‍പ്പെട്ടതാണ് വേന്പനാട് കായലെന്നതും റിസോര്‍ട്ട് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായി.