അപൂർവ ഇനം സിഗ്നൽ മത്സ്യം ഇന്ത്യയിലാദ്യമായി കേരളതീരത്ത്
അപൂർവ്വ ഇനത്തിൽപെടുന്ന സിഗ്നൽ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന് കണ്ടെത്തി. കേരളതീരത്ത് 70 മീറ്റർ താഴ്ചയുള്ള മണൽത്തട്ടിൽനിന്നാണ് ഇവയെ ട്രോളർ ഉപയോഗിച്ച് കണ്ടെത്തിയത്. വ്യത്യസ്തമായ നിറവും ശരീര ഘടനയുമുള്ള മത്സ്യത്തിന് ഇന്ത്യയിൽനിന്നു കണ്ടെത്തിയതിനാൽ ‘റ്റീറോപ്സാറോൺ ഇൻഡിക്കം’ (Pteropsaron indicum) എന്ന ശാസ്ത്രീയനാമമാണ് നൽകിയത്.
ഇന്ത്യയില്‍നിന്നു കണ്ടെത്തിയതിനാലാണ് ഇവയ്ക്ക് ‘റ്റീറോപ്സാറോണ്‍ ഇന്‍ഡിക്കം എന്ന ശാസ്ത്രീയ നാമം നല്‍കിയത്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ. ബെന്‍ വിക്ടര്‍ എന്നിവര്‍ചേര്‍ന്ന് നടത്തിയ ഗവേഷണവിവരങ്ങള്‍ പുതിയലക്കം ‘ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന് ജേണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിഗ്നൽ മത്സ്യം കണ്ടെത്തിയ ഇനം ലോകത്തെ സിഗ്നൽ മത്സ്യങ്ങളിൽ ഏറ്റവും വലുപ്പമുള്ളതാണ്. ഇതിന് ശരീരപാർശ്വങ്ങളിൽ നീളത്തിൽ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തിൽ ചെറിയ മഞ്ഞ അടയാളങ്ങൾ തലയുടെ പാർശ്വങ്ങളിലും കാണാം. ആദ്യ മുതുകുചിറകിൽ വളരെ നീളത്തിലുള്ള മുള്ളുകൾ ഉണ്ട്.
തങ്ങളുടെ പ്രദേശത്തിൽ ആധിപത്യം സ്ഥാപിച്ച്, ഇണയെ ആകർഷിക്കാനുള്ള അടയാളങ്ങൾക്കായി ഇവ തങ്ങളുടെ നീളമുള്ള മുതുകുചിറകുകൾ സവിശേഷമായി ചലിപ്പിക്കും. ഇത്തരം സ്വഭാവവിശേഷംകൊണ്ടാണ് ഇവയെ ‘സിഗ്നൽ മത്സ്യങ്ങൾ’ എന്നുവിളിക്കുന്നത്. സാധാരണ പവിഴപ്പുറ്റുകളുള്ള മേഖലകളിൽനിന്നാണ് സിഗ്നൽ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളത്.