ലോകത്ത് ആദ്യമായി ഭൂഗര്‍ഭജല വരാല്‍ മത്സ്യത്തെ കേരളത്തില്‍ കണ്ടെത്തി

മലപ്പുറം വേങ്ങരയിലുള്ള അജീറിന്റെ നെൽവയലിൽ നിന്നാണ് ഈ മത്സ്യ ഇനത്തെ കണ്ടെത്തിയത്.

ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വയിനം വരാല്‍ മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്സോണമിസ്റ്റുമായ ഡോ. റാല്‍ഫ് ബ്രിറ്റ്സിന്റെ നേതൃത്വത്തില്‍ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകന്‍ ഡോ. രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് സ്നേക്ക്ഹെഡ് (വരാല്‍) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യയിനത്തെ കണ്ടെത്തിയത്.

ബ്രിട്ടീഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ. റാല്‍ഫ് ബ്രിറ്റ്‌സ് നയിക്കുന്ന പഠന സംഘത്തില്‍ കുഫോസിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയായ വി.കെ അനൂപും അംഗമാണ്. ഗോലം സ്‌നേക്ക്‌ഹെഡ് (Gollum Snakehead) എന്നാണ് പുതിയ മത്സ്യ ഇനത്തിന് ഇംഗ്ലീഷില്‍ പേരിട്ടിരിക്കുന്നത്. ശാസ്ത്രനാമം അനിക്മാചന ഗോലം (Aenigmachanna gollum).

കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസവ്യവസ്ഥയായ ഭൂഗര്‍ഭജല അറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ.രാജീവ് രാഘവന്‍ പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റര്‍ നീളമുണ്ട്.

കേരളത്തില്‍ പൊതുവെ കാണപ്പെടുന്ന വരാല്‍ ഇനങ്ങള്‍ ഉള്‍പ്പെടെ സ്‌നേക്ക്‌ഹെഡ് വര്‍ഗത്തില്‍ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്ത് ആകമാനം കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതുകൊണ്ട് തന്നെ വെള്ളമില്ലാത്ത അവസ്ഥയില്‍ കരയില്‍ ആഴ്ചകളോളം ജീവിക്കാന്‍ വരാല്‍ മത്സ്യങ്ങള്‍ക്ക് കഴിയും. കുളങ്ങളും വയലുകളിലെ നീര്‍ച്ചാലുകളും ഉള്‍പ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ  ജീവിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകളും ഭൂഗര്‍ഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍ നിന്ന് ശ്വസിക്കാനുള്ള കഴിവുമില്ല.

പുതിയ വരാല്‍  മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസിലാന്‍ഡില്‍ നിന്ന് പുറത്തിറങ്ങുന്ന ഇന്റര്‍നാഷണല്‍ അനിമല്‍ ടാക്സോണമി ജേണലായ സൂടാക്സ(Zootaxa)യുടെ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *